രാത്രിയിലെ കൂർക്കം വലി ആണോ വില്ലൻ, കുറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

 

രാത്രിയിൽ സുഖകരമായി ഉറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ പലപ്പോഴും കൂർക്കംവലിയാണ് പലരുടെയും പ്രധാന പ്രശ്നം. ഇത് കാരണം കൂടെ കിടക്കുന്നവർക്ക് ഉറങ്ങാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ഉറങ്ങുമ്പോൾ ഒരു വ്യക്തി അനിയന്ത്രിതമായും ബോധമില്ലാതെയും ഉണ്ടാക്കുന്ന ശബ്ദമാണ് കൂർക്കംവലി. നല്ല ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നതാണ് പലപ്പോഴും കൂ‍ർക്കംവലി. രാത്രി ഉറങ്ങുമ്പോൾ റിലാക്‌സ് ആയിരിക്കുന്ന ശരീരം നടത്തുന്ന ശ്വസന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസം നേരിടുമ്പോൾ ശ്വസനത്തിന്റെ സ്വാഭാവികതയ്ക്ക് മാറ്റം വരുന്നതാണിത്. ഇതാണ് കൂര്‍ക്കംവലിയായി മാറുന്നത്. സ്ത്രീകളെക്കാൾ പുരുഷന്മാരാണ് കൂടുതലായി കൂർക്കംവലിക്കുന്നത്.

ഒരുപാട് ഭക്ഷണം കഴിക്കാതിരിക്കുക.

രാത്രിയിൽ കിടക്കുന്നതിന് മുൻപ് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക. എരിവുള്ളതും ജങ്ക് ഫുഡും അമിതമായി രാത്രി കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് കൂർക്കംവലിക്ക് കാരണമാകും. രാത്രി അമിതമായി കഴിക്കുന്നത്, പാൽ ഉത്പ്പന്നങ്ങൾ കഴിക്കുന്നതും കൂർക്കംവലിക്കാൻ കാരണമാകാറുണ്ട്. വയർ നിറച്ച് കഴിക്കുന്നത് വയറിലെ ആസിഡിനെ വീണ്ടും മുകളിലേക്ക് വരുത്തിക്കാൻ കാരണമാകും. ഇത് തൊണ്ടയിലും മറ്റും വീക്കം ഉണ്ടാക്കുകയും കൂർക്കംവലിക്കാൻ കാരണമാകുകയും ചെയ്യും.

ഭാരം നിയന്ത്രിക്കാം.

ഭാരം നിയന്ത്രിക്കുന്നതും കുറയ്ക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ കൂർക്കം വലി കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. ഭാരം കുറയ്ക്കുമ്പോൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറയുന്നു. ഇത് പിന്നീട് തൊണ്ടയിൽ അടിഞ്ഞ് കൂടുന്ന മാംസത്തെയും ഇല്ലാതാക്കാൻ ഏറെ സഹായിക്കും. ഇതിലൂടെ രാത്രിയിലെ ശ്വസനം എളുപ്പമാകും.

മൂക്കിലെ ദ്വാരം ക്ലിയറാക്കാം.

കൂർക്കംവലിയുടെ മറ്റൊരു കാരണമാണ് മൂക്കിലുണ്ടാകുന്ന എന്തെങ്കിൽ തടസങ്ങൾ. ശ്വാസം കടന്ന് പോകുന്ന മൂക്കിലെ പാത എപ്പോഴും വ്യത്തിയായി ഇരിക്കേണ്ടത് വളരെ പ്രധാനമാണ്. മൂക്കിലെ ഇത്തരം തടസങ്ങളെ ഉപ്പുവെള്ള ലായനിയോ മറ്റ് നേയ്സൽ ഡ്രോപ്പുകളോ ഉപയോഗിച്ച് വ്യത്തിയാക്കാൻ ശ്രമിക്കുക. കിടക്കുന്നതിന് മുൻപ് ചൂട് വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്. അതുപോലെ മൂക്കിൽ ഒട്ടിക്കുന്ന സ്ട്രിപുകൾ ഉപയോഗിക്കുന്നവരും ധാരാളമാണ്.

ചരിഞ്ഞ് കിടന്ന് ഉറങ്ങുക.


രാത്രിയിൽ കിടന്നുറങ്ങുന്ന രീതിയും കൂർക്കംവലിക്ക് കാരണമാകാറുണ്ട്. നേരെ കിടന്നുറങ്ങുന്നതിനേക്കാളും നല്ലത് ചരിഞ്ഞ് കിടന്നുറങ്ങുന്നതായിരിക്കും കൂർക്കംവലി കുറയ്ക്കാനുള്ള നല്ലൊരു മാർഗം. സ്ലീപ് ഫൗണ്ടേഷൻ പറയുന്നത് അനുസരിച്ച്, നേരെ കിടന്ന് ഉറങ്ങുന്നതിനേക്കാൾ ചരിഞ്ഞ് കിടന്ന് ഉറങ്ങുമ്പോൾ കൂർക്കം വലി കുറയുന്നതിന് സഹായിക്കുന്നു. തല നേരെ വയ്ക്കുന്നതിനേക്കാൾ ചരിച്ച് വയ്ക്കുന്നതായിരിക്കും കൂടുതൽ നല്ലത്, അതുപോലെ തല വലത്തേക്ക് വയ്ക്കുന്നതാണ് അനുയോജ്യം. അതുകൊണ്ട് കിടക്കുന്ന കട്ടിലിലെ തലയിണ ഒരു സ്ഥലത്തേക്ക് സ്ഥിരമായി വയ്ക്കാൻ ശ്രദ്ധിക്കുക.

Post a Comment