ശര്‍ക്കരയോ തേനോ; ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

 


പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച പ്രകൃതിദത്ത മധുരമാണ് ശര്‍ക്കരയും തേനും. മധുരമെന്നതിന് പുറമേ പല ഗുണങ്ങളുമുള്ള ഭക്ഷ്യവസ്തുക്കള്‍ കൂടിയാണ് ഇവ. ശര്‍ക്കരയില്‍ കൊഴുപ്പിന്‍റെ അളവ് കുറവും ധാതുക്കളുടെയും അയേണിന്‍റെയും അളവ് കൂടുതലുമാണ്.  പൊട്ടാസ്യം, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവയും ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്നു. 

100 ഗ്രാം ശര്‍ക്കരയില്‍ 383 കലോറിയുണ്ട്. ഇവയുടെ ഗ്ലൈസമിക് സൂചിക 84 മുതല്‍ 94 വരെയാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശർക്കര മിതമായ അളവില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റിനെ ബാലൻസ് ചെയ്യുന്നതോടൊപ്പം മെറ്റാബോളിസത്തിന്‍റെ നിരക്ക് കൂട്ടുന്നു. അങ്ങനെ ശരീരഭാരം കുറയുന്നു. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഇവ സഹായിക്കും. 

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈബര്‍ എന്നിവയാൽ സമ്പന്നമാണ് തേന്‍. അതിനാല്‍ തന്നെ മിതമായ അളവിൽ കഴിക്കുകയാണെങ്കില്‍, പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലാണ് തേന്‍. തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. 100 ഗ്രാം തേനില്‍ 304 കലോറിയാണുള്ളത്. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് തേൻ. ഇതിനായി ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് രാവിലെ കുടിക്കുന്നത് നല്ലതാണ്. വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. കൂടാതെ രോഗ പ്രതിരോശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും. 

ശര്‍ക്കരയോ തേനോ? ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്? 

തേനിന് ശര്‍ക്കരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. തേനിന്‍റെ ഗ്ലൈസമിക് സൂചിക 45 മുതല്‍ 64 വരെയാണ്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാതിരിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ പഞ്ചസാരയ്ക്കും ശര്‍ക്കരയ്ക്കും പകരം തേന്‍ ഉപയോഗിക്കുന്നതാകും കൂടുതല്‍ ഉചിതം. 

Similar Article:  ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി സന്തോഷിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Post a Comment