കൊടും ചൂട്; കേരളം ചുട്ടുപൊള്ളുന്നു, ഈ ആരോഗ്യപ്രശ്നങ്ങളെ കരുതിയിരിക്കുക.

 കടുത്ത വേനല്‍ച്ചൂടില്‍  ചുട്ടുപൊള്ളുകയാണ് കേരളം. ചൂട് ഉയരുന്ന സാഹചര്യത്തില്‍ ചില ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഉയർന്ന ചൂട് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം... 

1. സൂര്യാഘാതം

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികള്‍ ദീർഘനേരം ശരീരത്ത് ഏല്‍ക്കുന്നതുമൂലം ചർമ്മത്തില്‍ ഉണ്ടാകുന്ന ഒരു തരം ക്ഷതമാണ് സൂര്യാഘാതം അഥവാ സൺബേൺ. അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് പ്രധാന കാരണം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണിത്. 

ലക്ഷണങ്ങള്‍.

ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, ക്ഷീണം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ശരീരത്തിലെ ജലം നഷ്ടപ്പെടുക, ചര്‍ദ്ദി, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, സാധാരണയിലധികമായി വിയര്‍ക്കുക തുടങ്ങിയവയാണ്  സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍. 

സൂര്യാഘാതം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ.

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കുക. പഴങ്ങളും സാലഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.

പ്രതിരോധ മാർഗങ്ങൾ.

ധാരാളം വെള്ളം കുടിക്കുക.

വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ പകല്‍ 11 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. 

പുറത്തേക്ക് പോകുന്നതിന് മുമ്പ് മുഖത്തും ശരീരത്തും സൺസ്ക്രീൻ പുരട്ടുക. 

വെയിലില്‍ നിന്ന് സംരക്ഷണ കിട്ടുന്ന രീതിയില്‍ ഫുള്‍ കവര്‍ ചെയ്യുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയെ കുറയ്ക്കും. 

കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.

കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക. 

കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, വലിയ വട്ടമുള്ള തൊപ്പി, കണ്ണുകളുടെ സംരക്ഷണത്തിന് കണ്ണട എന്നിവയും ധരിക്കേണ്ടതാണ്. 

വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.



2. നിര്‍ജ്ജലീകരണം

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.  ശരീരത്തില്‍ നിന്നും ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് കാരണം ഉണ്ടാകുന്നതാണ് നിര്‍ജ്ജലീകരണം. നിര്‍ജ്ജലീകരണം പല അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെങ്കിലും ഏറ്റവും ആദ്യം ബാധിക്കുന്നത് മൂത്രസഞ്ചാരത്തെയും വൃക്കകളെയുമാണ്. മൂത്രത്തിന്റെ അളവ് കുറയുന്നത് മൂത്രത്തില്‍ അണുബാധ ഉണ്ടാകുന്നതിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. തലച്ചോറിന്റെയും പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ ഇതുകാരണമാകും. 

ലക്ഷണങ്ങള്‍..

വരണ്ടതും പൊട്ടുന്നതും മങ്ങിയതുമാണ് ചര്‍മ്മം, അമിതമായ ദാഹം, വായും ചുണ്ടും ഉണങ്ങുക, തൊണ്ട വറ്റി വരളുക, തലവദേന, തലക്കറക്കം, മസിലുകൾ കോച്ചി പിടിക്കുക, ശരീര വേദന, ക്ഷീണം, മൂത്രം കുറച്ച് ഒഴിക്കുക, വിശപ്പ് അനുഭവപ്പെടാതിരിക്കുക, ആശയക്കുഴപ്പം അനുഭവപ്പെടുക, ഓര്‍മ്മക്കുറവ് തുടങ്ങിയവയൊക്കെ ഇതിന്‍റെ ലക്ഷണമാകാം.  



ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 

വെള്ളം ധാരാളം കുടിക്കുക എന്നതാണ് പ്രധാനമായി ചെയ്യേണ്ടത്. ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം കുറഞ്ഞത് രണ്ടര - മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം. 

വെയിലത്ത് ജോലിക്ക് പോകുന്നവർ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ കരുതുക. മണിക്കൂറിൽ 1 ലിറ്റർ വെള്ളം വീതം കുടിക്കേണ്ടതാണ്. 

പകൽ  11 മണി മുതൽ 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

ജലത്തിൽ അമിതമായ ഉപ്പും മധുരവും കൂടുന്നത് നിർജ്ജലീകരണത്തിന് കാരണമാവും.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

Post a Comment